അഞ്ചല്‍ : വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് നാടെങ്ങും വനം വകുപ്പിനെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ വനം വകുപ്പിനെ ചേര്‍ത്തുനിര്‍ത്തി മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ തേടുകയാണ് അലയമണ്‍ പഞ്ചായത്തിലെ മീന്‍കുളം പ്രദേശവാസികള്‍.
മീന്‍കുളം റസിഡനന്റ്സ് അസോസിയേഷന്, സനാതന ലൈബ്രററി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക സായാഹ്ന സദസില്‍ കര്‍ഷകര്‍ അടക്കം നിരവധിപേര്‍ പങ്കെടുത്തു. സനാതന ലൈബ്രറി സെക്രട്ടറി സജീവ് പാങ്ങലംകാട്ടില് അധ്യക്ഷത വഹിച്ച കര്‍ഷക സദസില്‍ വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ അജീഷ് ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു പരിപാടിയെന്നും പരാതികള്‍ക്കൊപ്പം മീന്‍കുളം റെസിഡന്‍സ് അസോസിയേഷന് നല്കിയ പരിഹാര മാര്‍ഗങ്ങള്‍ സംസ്ഥാന വനം മേധാവി ഉള്‍പ്പെടുന്ന ഉന്നതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഡിഎഫ്ഒ പറഞ്ഞു.
കര്‍ഷക സദസില്‍ പങ്കെടുത്തവര്‍ നല്കിയ പരാതികളും നിവേദനങ്ങളും ചടങ്ങില്‍ ഭാരവാഹികള്‍ ഡിഎഫ്ഒയ്ക്കു കൈമാറി. രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ലാതെ വനം വകുപ്പിനെ ഉള്‍പ്പെടുത്തികൊണ്ട് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചതിലുള്ള നന്ദി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.ദിവ്യയും യോഗത്തില്‍ അറിയിച്ചു.
ജനകീയ ഇടപെടീലിനെ തുടര്‍ന്നു ഇതുവരെ പന്നിയെ വെടിവയ്ക്കാനുള്ള ഷൂട്ടര്‍മാര്‍ ഇല്ലാതിരുന്ന അലയമണ്ണില്‍ ആറോളം പേരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്ന് റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി മാക്സ്മിലന് പള്ളിപ്പുറം യോഗത്തില്‍ അറിയിച്ചു.